2015 ജനുവരി 30-ന് പാലാ സാന്ത്വനം ഓഡിറ്റോറിയത്തില്‍ യോഗാചാര്യ എന്‍. പി. ആന്റണിയുടെ 'ഭക്ഷണംതന്നെ ഔഷധം' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു, റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും പ്രമുഖ ഗാന്ധിയനും പരിസ്ഥിതി, ഭക്ഷ്യ-സ്വരാജ് പ്രവര്‍ത്തകനുമായ ഡോ. രാമചന്ദ്രന്‍. അടുക്കളവൈദ്യമെന്നും മുത്തശ്ശി വൈദ്യമെന്നും ഒക്കെ വിളിച്ച് ഒരു തലമുറ അവഗണിച്ച കുറെ അറിവുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളതെന്നും ഭക്ഷണം ഔഷധമാക്കാന്‍ മാത്രമല്ല രോഗങ്ങളില്ലാത്തവര്‍ക്ക് ഓജസ്സും തേജസ്സും തുളുമ്പുന്ന ജീവിതം നയിക്കാനും ഈ പുസ്തകം വഴികാട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വയം ആഹാരം ഉത്പാദിപ്പിക്കുന്നതിലൂടെമാത്രമേ യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനാവൂ എന്നും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചവ എന്നു പരസ്യപ്പെടുത്തി വിറ്റഴിക്കുന്നവയും വിഷാംശമുള്ളവയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സദസ്സിനെ അനുസ്മരിപ്പിച്ചു.
പ്രശസ്ത തേന്‍ ചികിത്സാവിദഗ്ധനും ഹൈറേഞ്ച് തേനീച്ച പരിപാലനകേന്ദ്രം (ഹണിനഗര്‍ തൊപ്പിപ്പാള) ഡയറക്ടറുമായ ശ്രീ ടി. കെ. രാജു പുസ്തകം ഏറ്റുവാങ്ങി. തുടര്‍ന്ന് ആരോഗ്യകരമായ ആഹാരശീലത്തെ കുറിച്ച് അദ്ദേഹത്തിന്റെ ക്ലാസ്സും ഉണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും സാന്ത്വനത്തില്‍ തേനീച്ചയെയും തേന്‍ വിഭവങ്ങളെയും ഉപയോഗിച്ചുള്ള തന്റെ എപ്പിതെറാപ്പി പരിശീലന ക്ലാസ്സുകളുണ്ടാവും എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
പുസ്തകപ്രകാശനത്തോനുബന്ധിച്ച്
സാന്ത്വനം സൗഖ്യ എന്ന പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം
രാവിലെ 9-30 ന് പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍
ശ്രീ കുര്യാക്കോസ് പടവന്‍ പതിനഞ്ചു വര്‍ഷമായി
സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ് പാലായിലും പരിസരപ്രദേശങ്ങളിലും ചെയ്തുകൊണ്ടിരിക്കുന്ന
സേവനങ്ങളെ ശ്ലാഘിച്ചുകൊണ്ടും എല്ലാ വിജയങ്ങളും നേര്‍ന്നുകൊണ്ടും സാന്ത്വനം സൗഖ്യപരിശീലനകേന്ദ്രത്തിന്റെ
ഉദ്ഘാടനം നിര്‍വഹിച്ചു.
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അടിയന്തിര പ്രഥമശുശ്രൂഷചെയ്യുന്നതെങ്ങനെ എന്ന പരിശീലനം നല്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന
സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ് ജീവിതശൈലീ രോഗങ്ങളും ആഹാരജന്യരോഗങ്ങളും മൂലം കഷ്ടപ്പടുന്നവര്‍ക്ക്
വഴികാട്ടുന്നതിനായാണ് ഒരു സൗഖ്യപരിശീലന കേന്ദ്രവും പ്രസിദ്ധീകരണ വിഭാഗവും തുടങ്ങാന്‍
തീരുമാനിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാന്ത്വനം ആക്ഷന്‍ ഫോഴ്‌സ്
പ്രസിഡന്റ് ശ്രീ. തോമസ് റ്റി. പൊടിമറ്റം വ്യക്തമാക്കി. തുടര്‍ന്ന് യോഗാ, റെയ്ക്കി, പ്രാണിക് ഹീലിങ്ങ്, ഒറ്റമൂലികള്‍, മാക്രോബയോട്ടിക്‌സ്
മുതലായവയെപ്പറ്റിയുള്ള പ്രതിവാര ക്ലാസ്സുകളും തുടങ്ങുമെന്നും അടുത്ത മാസംമുതല്‍ ഈ
കേന്ദ്രത്തെ പൂര്‍ണമായി സജീവമാക്കാന്‍ തീരുമാനിച്ചിട്ടണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.